Saturday 9 June 2012

ഗായത്രീ മന്ത്രം,,മലയാള വിവരണം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രമാണ് എല്ലാ മന്ത്രങ്ങളുടെയും മാതാവ്. ഈ വൈദികമന്ത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും കാണപ്പെടുന്നു. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നാണ് വിശ്വാസം. സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. അതുകൊണ്ടു ഈ മന്ത്രത്തെ ഗായത്രിമന്ത്രം എന്നും വിളിക്കുന്നു.ഗായന്തം ത്രായതേ ഇതി ഗായത്രി ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്‍ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.





ഓം ഭൂർഭുവ: സ്വ:।

തത് സവിതുർവരേണ്യം।

ഭർഗോ ദേവസ്യ ധീമഹി।

ധിയോ യോ ന: പ്രചോദയാത്॥

പദാനുപദ വിവരണം

ഓം
- പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ
- ഭൂമി

ഭുവസ്
- അന്തരീക്ഷം

സ്വർ
- സ്വർഗം


തത്
- ആ

സവിതുർ
- ചൈതന്യം

വരേണ്യം
- ശ്രേഷ്ഠമായ


ഭർഗസ്
- ഊർജപ്രവാഹം

ദേവസ്യ
- ദൈവികമായ

ധീമഹി
- ഞങ്ങൾ ധ്യാനിക്കുന്നു


ധിയോ യോ ന
- ബുദ്ധിയെ

പ്രചോദയാത്
- പ്രചോദിപ്പിക്കട്ടെ



ഭൂ: - ഭൂമി -ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതില്‍ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.
ഭുവ: - അന്തരീക്ഷം -സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അര്‍ഥമുണ്ട്.
സ്വ: - സ്വര്‍ഗം -സുഷ്ഠു അവതി - നല്ലപോലെ പൂര്‍ണതയെ പ്രാപിക്കുന്നത് - സ്വര്‍ഗം.
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ.
വരേണ്യം - പ്രാര്‍ഥിക്കപ്പെടുവാന്‍ യോഗ്യമായതു .
ഭര്‍ഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്.
ദേവസ്യ - ദേവന്റെ എന്നര്‍ഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അര്‍ഥം. അതിനാല്‍ പ്രകാശസ്വരൂപന്റെ എന്ന അര്‍ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അര്‍ഥം.
ധിയ: - ഇത് ദ്വിതീയ ബഹുവചനമായാല്‍ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
യ: - വൈദികപ്രയോഗമാകയാല്‍ ഈ സംബന്ധ സര്‍വനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അര്‍ഥം പറയാം. ഇവിടെ യ: ഭര്‍ഗപദത്തിന്റെ വിശേഷണമാണ്.
ന: - ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അര്‍ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നര്‍ഥം.


നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നു. 1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും.അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.

ഗണപതി, പാര്‍വതി, സൂര്യന്‍, ശിവന്‍ തുടങ്ങി പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള ഒട്ടു മിക്ക ദേവതകള്‍ക്കും അവരുടേതായ പ്രത്യേകം ഗായത്രീമന്ത്രങ്ങള്‍ ഉണ്ട്.


1 comment:

  1. ലേഖനത്തിനു വളരെ നന്ദി

    ReplyDelete