Friday 30 December 2011



ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം റഷ്യന്‍ കോടതി തള്ളി

മോസ്കോ: റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം റഷ്യന്‍ കോടതി തള്ളി. ഭഗവദ്ഗീതയെ തീവ്രവാദ ഗ്രന്ഥമായി പരിഗണിക്കണമെന്ന ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുമായി ബന്ധമുള്ള സംഘമാണ്‌ ഹര്‍ജി നല്‍കിയത്‌. അവസാനഘട്ട വാദത്തിനൊടുവിലാണ്‌ കോടതി ഇവരുടെആവശ്യം നിരാകരിച്ചത്‌.

റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. സാമൂഹിക അസമത്വവും തീവ്രവാദ സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതായി ചിത്രീകരിച്ചാണ്‌ ഇന്ത്യയില്‍ പുണ്യഗ്രന്ഥമായി കരുതുന്ന ഭവദ്ഗീത റഷ്യയില്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നത്‌. തുടര്‍ന്ന്‌ ഇന്ത്യയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ആശങ്ക വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കഡാകിനെ ധരിപ്പിച്ചിരുന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടത്‌ ചെയ്യുമെന്നും അംബാഡസര്‍ ഉറപ്പുനല്‍കി. 1968 ലാണ്‌ ഭഗവദ്ഗീതയുടെ ആദ്യ പരിഭാഷ റഷ്യയില്‍ പ്രസിദ്ധീകരിച്ചത്‌.

ഒരു ഓര്‍ത്തഡോക്സ്‌ കുരുത്തക്കേട്‌

ആദ്യം വസ്തുതകള്‍ പറയട്ടെ. ഇസ്കോണ്‍ സ്ഥാപകന്‍ ഏസി ഭക്തിവേദാന്തപ്രഭുപാദര്‍ രചിച്ച ‘ഭഗവദ്ഗീതാ ആസ്‌ ഇറ്റ്‌ ഈസ്‌’ എന്ന ഗീതാ വ്യാഖ്യാനത്തിന്റെ മൂന്നാം റഷ്യന്‍ പതിപ്പ്‌ ‘ആക്ഷേപാര്‍ഹ’വും ‘തീവ്രവാദപര’വുമാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ ടോംസ്ക്‌ എന്ന സൈബീരിയന്‍ നഗരത്തിലെ ചില വ്യക്തികള്‍ അവിടുത്തെ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ കാര്യാലയത്തില്‍ കേസ്‌ ഫയല്‍ ചെയ്തു. 

ഇസ്കോണ്‍ (അന്തര്‍ദ്ദേശീയ കൃഷ്ണാവബോധസമിതി) റഷ്യയില്‍ വേരുറപ്പിക്കുന്നതിലും, തങ്ങളുടെ കുഞ്ഞാടുകള്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ സന്യാസിമാരാകുന്നതിലും കുറച്ചുനാളായി, അസഹിഷ്ണുത പൂണ്ടിരിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയിലെ വിശ്വാസികളാണ്‌ പ്രസ്തുത പരാതി നല്‍കിയത്‌. കഴിഞ്ഞ കാലങ്ങളില്‍ നിരവധിതവണ സഭാവിശ്വാസികളില്‍നിന്ന്‌ ഹരേകൃഷ്ണക്കാര്‍ക്ക്‌ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്‌. പക്ഷേ, ഈ ക്രൈസ്തവപീഡനപരമ്പര സന്യാസിമാരുടെ കൃഷ്ണാവബോധത്തിനും ആവേശത്തിനും കുറവ്‌ വരുത്താന്‍ ഒട്ടുംതന്നെ ഉപയുക്തമാകാതെ പോയതിനാലാണ്‌ ഓര്‍ത്തഡോക്സ്‌ സഭ അതിന്റെ ഹിന്ദുവിരുദ്ധ വര്‍ഗീയ പോരാട്ടതന്ത്രത്തിന്‌ പുതിയ മാനമേകിക്കൊണ്ട്‌ ഹരേകൃഷ്ണവിരുദ്ധ യുദ്ധം ഇനി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഓഫീസ്‌ വഴിയായിക്കളയാമെന്ന്‌ കരുതിയത്‌. ഭഗവദ്ഗീത തന്നെ നിരോധിച്ചുകിട്ടണമെന്ന ലളിതമായ ആവശ്യമാണ്‌ സഭ മുന്നോട്ടുവെച്ചത്‌. 

നിര്‍ഭാഗ്യവശാല്‍, ജഡ്ജിക്ക്‌ ഓര്‍ത്തഡോക്സ്‌ സഭാധ്യക്ഷന്മാരേക്കാള്‍ വിവരമുണ്ടായിപ്പോയതിനാല്‍, അദ്ദേഹം ഗീതക്ക്‌ പ്രതികൂലമായ ഒരു വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഓര്‍ക്കുകയും പണ്ഡിതരില്‍നിന്നും അഭിപ്രായം ആരായാന്‍ ഒരുമ്പെടുകയും ചെയ്തു. അങ്ങനെ, കെമറോവോ യൂണിവേഴ്സിറ്റിയിലെ മൂന്നംഗ വിദഗ്ധസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള റഷ്യന്‍ ഓംബുഡ്സ്മാന്റെയും കൂടാതെ മോസ്കോയിലെയും സെന്റ്പീറ്റേഴ്സ്ബര്‍ഗിലെയും പ്രശസ്ത ഇന്‍ഡോളജിസ്റ്റുകളുടെയും അഭിപ്രായവും ജഡ്ജി തേടി. ഡിസംബര്‍ 28നാണ്‌ ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട്‌, ജഡ്ജിയദ്ദേഹം കൃഷ്ണാര്‍ജുനസംവാദത്തിന്റെ റഷ്യയിലെ വിധി നിര്‍ണയിച്ചത്‌. അതാകട്ടെ ഗീതയ്ക്ക്‌ അനുകൂലമാവുകയും ചെയ്തു.
ഒരുതലത്തില്‍, സഭാ സിദ്ധാന്തങ്ങളെ അംഗീകരിക്കാത്തവര്‍ക്കെതിരെയുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ അസഹിഷ്ണുതയും വിദ്വേഷവുമാണ്‌ ഭഗവദ്ഗീതക്കെതിരെയുള്ള കേസില്‍ പ്രതിഫലിക്കുന്നത്‌. ഇതിന്റെ ആഘാതം അനുഭവിക്കുന്നത്‌ ഹരേകൃഷ്ണപ്രസ്ഥാനവും. 

മറ്റൊരു തലത്തില്‍, ഈ സംഭവം സൂചിപ്പിക്കുന്നത്‌, റഷ്യന്‍ സമൂഹത്തിന്റെ അരികുകളില്‍ നിന്നിരുന്ന ക്രിസ്തീയ മതഭ്രാന്തന്മാര്‍ ഇപ്പോള്‍ അവരുടെ രാജ്യത്തിന്റെ മതേതര നയങ്ങളെ ചോദ്യംചെയ്യാനും അതിനെ അട്ടിമറിക്കാനും കുത്സിതശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നുവെന്നാണ്‌. ഇന്ത്യയിലെ റഷ്യന്‍ അംബാസഡറും അറിയപ്പെടുന്ന ഇന്‍ഡോളജിസ്റ്റുമായ അലക്സാണ്ടര്‍ എം.കഡാകിന്‍ റഷ്യയുടെ മതേതര പാരമ്പര്യത്തെ ഊന്നിപ്പറയുകയും ഭഗവദ്ഗീത ഇന്ത്യയിലേയും ലോകത്തിലെയും ജനങ്ങള്‍ക്ക്‌ ആത്മീയവിജ്ഞാനത്തിന്റെ മഹത്തായ ഉറവയാണെന്ന്‌ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതില്‍നിന്നും നാം മനസിലാക്കേണ്ടത്‌, വളരെക്കുറച്ച്‌ റഷ്യക്കാര്‍ മാത്രമേ ക്രിസ്ത്യന്‍ മര്‍ക്കടമുഷ്ടികളുടെ കോപ്രായത്തെ അനുകൂലിക്കുന്നുള്ളൂവെന്നും, ബഹുഭൂരിപക്ഷം റഷ്യക്കാരും ഒരു കോടതിവിധി മുഖാന്തിരം, ഭഗവദ്ഗീതയെ വളഞ്ഞവഴിയില്‍ക്കൂടി നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നുമാണ്‌.

ഇന്ത്യയുടെ സാംസ്ക്കാരിക ചരിത്രത്തിലും പുണ്യഗ്രന്ഥങ്ങളിലും റഷ്യന്‍ ബുദ്ധിജീവികള്‍ ഊളിയിട്ട്‌ ഇറങ്ങിയിട്ടുള്ളത്‌ ഒരിക്കലും ഒരു താല്‍ക്കാലിക ഭ്രമം മാത്രമായിരുന്നുവെന്ന്‌ നിരീക്ഷിക്ക വയ്യ. റഷ്യന്‍ ഇന്‍ഡോളജിസ്റ്റുകളുടെ ബൃഹത്തായ ഗവേഷണരചനകള്‍ ക്രിസ്തീയ മതഭ്രാന്തിനും യുക്തി-യാഥാര്‍ത്ഥ്യബോധങ്ങള്‍ക്കും ഇടയ്ക്ക്‌ ഒരു കന്‍മതിലായി വര്‍ത്തിക്കുന്നു. ഈ കന്‍മതില്‍ ഇപ്പോള്‍ തകര്‍ക്കപ്പെടുമോ? അല്ലെങ്കില്‍ ഗീതാസന്ദേശത്തിന്റെ ആഴം മനസ്സിലാക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ചെറു ന്യൂനപക്ഷത്തിനുവേണ്ടി ആ മതില്‍ തകരാന്‍ റഷ്യ അനുവദിക്കുമോ? 

ഇത്തരുണത്തില്‍, ചൊവ്വാഴ്ച വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ആളുകള്‍ ചോദിക്കുന്ന പ്രധാന ചോദ്യത്തിന്‌ ഉത്തരമേകുന്നതല്ല എന്ന കാര്യം ശ്രദ്ധിക്കണം. ടോംസ്കിലെ കുരുത്തക്കേടിനെക്കുറിച്ച്‌ മോസ്കോക്ക്‌ അലര്‍ട്ട്‌ നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ എന്താണ്‌ ചെയ്തത്‌? ആ താന്തോന്നിത്തത്തിനെ മൊട്ടിലേ നുള്ളിക്കളയാന്‍ എന്ത്‌ നയതന്ത്ര നീക്കമാണ്‌ ഇന്ത്യ നടത്തിയത്‌? 

ഇക്കൊല്ലം ജൂണില്‍, ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍ കേസിനെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിപ്പ്‌ നല്‍കിയിരുന്നതായി നാം കേള്‍ക്കുന്നു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നീണ്ട കാലയളവില്‍ സര്‍ക്കാര്‍ അതിനുമേല്‍ ഒരു നടപടിയും എടുത്തില്ല. അത്‌ കാരണമാണ്‌ ഇന്നത്തെ സ്ഥിതിഗതികളുണ്ടായത്‌. ഇക്കാര്യം മോസ്കോയിലെ നമ്മുടെ നയതന്ത്രപ്രതിനിധികള്‍ പരിഗണിക്കുകയായിരുന്നുവെന്ന്‌ വെറുതെ അവകാശപ്പെടുന്നതില്‍ അര്‍ത്ഥമേതുമില്ല. കൃഷ്ണ അത്‌ മനസ്സിലാക്കണം. 

ബാലഗോപാല്‍

ഭഗവദ് ഗീത: റഷ്യ ഖേദം പ്രകടിപ്പിച്ചു

മോസ്കോ: സൈബീരിയയില്‍ ഭഗവദ് ഗീതയ്ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീത പോലുളള വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടി വന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ എം. കാദാകിന്‍ പറഞ്ഞു.
ടോംസ്ക് പോലെ മതസൗഹാര്‍ദത്തിനു പേരുകേട്ട പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗീത തീവ്ര സാഹിത്യ ഗ്രന്ഥമാണെന്നും ഇതു സമൂഹത്തില്‍ അശാന്തി പരത്തുമെന്നും ആരോപിച്ചാണ് സൈബീരിയയിലെ ടോംസ്ക് കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്.
ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന ഇസ്കോണിന്റെ സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ഭഗവദ് ഗീത ആസ് ഇറ്റ് ഈസ് എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്ക്കെതിരെയാണ് കേസ്. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സൈബീരിയയില്‍ ഭഗവദ്ഗീത നിരോധിച്ചത് ഇന്ത്യയില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു. തിങ്കളാഴ്ച ഈ പ്രശ്‌നം പാര്‍ലമെന്റ് നടപടികളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.
ഹര്‍ജിയില്‍ വിധി പറയുന്നതു റഷ്യന്‍ കോടതി 28ലേക്കു മാറ്റിയിരിക്കുകയാണ്. റഷ്യയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ആസ്ഥാനങ്ങളായി പരിഗണിക്കപ്പെടുന്ന മോസ്കോയിലെയും സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെയും വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്ന് ഇസ്കോണ്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണിത്.

                                                                    കടപ്പാട് ജന്മഭുമി  


No comments:

Post a Comment