Monday 24 October 2011

sanghadeepam news

അന്യഗ്രഹ ജീവിയെ വീഡിയോയില്‍ പകര്‍ത്തിയെന്ന്‌ ബ്രിട്ടീഷ്‌ വിനോദ സഞ്ചാരികള്‍

ലണ്ടന്‍: അന്യഗ്രഹ ജീവികളേയും, പറക്കും തളികകളേയും കുറച്ചുള്ള കഥകളും വെളിപ്പെടുത്തലുകളും മനുഷ്യനെന്നും വിസ്മയമാണ്‌. അന്യഗ്രഹ ജീവികളെ കണ്ടെന്നും ചിത്രത്തില്‍ പകര്‍ത്തിയെന്നുമൊക്കെയുള്ള അവകാശ വാദവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നെങ്കിലും ഇത്തരം ജീവികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന യാതൊരു തെളിവും നാളിതുവരെ ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിട്ടുമില്ല. എന്നാല്‍ ഇത്തവണ അന്യഗ്രഹ ജീവിയുടെ ചിത്രം ആമസോണ്‍ വനാന്തരങ്ങളില്‍ വെച്ച്‌ പകര്‍ത്തിയെന്ന അവകാശവാദവുമായി രണ്ട്‌ ബ്രിട്ടീഷ്‌ വിനോദ സഞ്ചാരികളാണ്‌ രംഗത്തെത്തിയിട്ടുള്ളത്‌.
ഇവരെടുത്ത വീഡിയോയില്‍ അന്യഗ്രഹ ജീവിയെന്ന്‌ തോന്നുന്ന രൂപം ഒരു മരത്തില്‍ ചാരിനില്‍ക്കുന്ന ദൃശ്യങ്ങളാണുള്ളത്‌.ത്രികോണാകൃതിയിലുള്ള തലയും കുറിയ ശരീരവുമാണ്‌ ഈ രൂപത്തിന്റെ പ്രത്യേകത. കാടിനുള്ളില്‍ നിന്നുള്ള ഒരു പ്രകാശ വലയവും ചിത്രത്തിലുണ്ട്‌. ബ്രസീലിലെ മൗമൗസ്‌ പ്രവിശ്യയിലുള്ള മഴക്കാടുകളില്‍ നിന്നാണ്‌ ചിത്രം പകര്‍ത്തിയിരിക്കുന്നത്‌. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നുള്ളത്‌ തെളിയിക്കാന്‍ ഈ ചിത്രം ധാരാളമാണെന്നാണ്‌ ടൂറിസ്റ്റുകളുടെ വാദം.
ഇത്‌ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത്‌ വന്ന സാഹചര്യത്തില്‍ ഒരു ഗവേഷണ സംഘത്തെ ബ്രസീല്‍ സര്‍ക്കാര്‍ മൗമൗസിലേക്ക്‌ അയച്ചിട്ടുണ്ട്‌. ഓപ്പറേഷന്‍ പ്രാറ്റോ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഈ വാര്‍ത്തയുടെ നിജസ്ഥിതിയാണ്‌ സര്‍ക്കാര്‍ അന്വേഷിക്കുന്നത്‌. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ‘ദ സണ്‍’ ടാബ്ലോയിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അന്യഗ്രഹ ജീവിയുടെ വീഡിയോ ചിത്രവും സണ്‍ നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

No comments:

Post a Comment