Saturday 29 October 2011

sanghadeepam news

വിശ്വസിക്കരുത് മുതിര്‍ന്നവരെ...
മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് കഴിഞ്ഞ തലമുറ പഠിച്ചത്. മുതിര്‍ന്നവരെ സൂക്ഷിക്കണമെന്നാണ് പുതിയ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ എപ്പോഴും വാത്സല്യത്തിന്റേതല്ലാതാകുന്ന കാലമാണിത്.

സ്‌കൂള്‍വാഹനത്തിലെ കിളിയാണ് വില്ലന്‍. ഇതിന്റെ ഇര എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമെല്ലാം ഈ പെണ്‍കുട്ടിയുടെ അടുത്ത് കിളി കഴുകനാകും. പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ കിളിയുടെ വെല്ലുവിളി. ആരോടെങ്കിലും പറഞ്ഞാല്‍ വിവരമറിയുമെന്ന് ഭീഷണി. പെണ്‍കുട്ടി പരാതിയുമായി നേരെ അധ്യാപികയുടെ അടുത്തേക്ക്. എന്നാല്‍ അധ്യാപികയുടെ നിലപാട് കുട്ടിയെ കരയിക്കുന്നതായിരുന്നു. 'നീ ഇത് ആരോടും പറയണ്ട. വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകും പൊല്ലാപ്പ്. സ്‌കൂളിന്റെ പേര് കളയണ്ട.' വീട്ടുകാര്‍ 'വയലന്റ്' ആകണ്ട എന്നു കരുതി പെണ്‍കുട്ടി വീട്ടിലും ഒരക്ഷരം മിണ്ടിയില്ല. കിളിയെ പേടിച്ച് ഓരോ കാരണം പറഞ്ഞ് ഒരാഴ്ച സ്‌കൂളില്‍ പോയില്ല. പിന്നെ വീണ്ടും സ്‌കൂളില്‍ പോയിത്തുടങ്ങി. കിളിശല്യം തുടര്‍ന്നു.

കൗണ്‍സലിങ്ങിന് വിധേയരായ പെണ്‍കുട്ടികളില്‍ നിരവധി പേര്‍ ബസ്സിലെ കിളിശല്യം തുറന്നു പറഞ്ഞു. ആരും തന്നെ ആരോടും പരാതിപ്പെട്ടിട്ടില്ലെന്നതാണ് സത്യം. കാരണം അനന്തരഫലം എന്താകുമെന്ന ആശങ്കയായിരുന്നു ഈ കുട്ടികള്‍ക്ക്.

ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് മൂത്രാശയരോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫംഗല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. ധരിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകത, വീട്ടിലെയും സ്‌കൂളിലെയും മൂത്രപ്പുരയുടെയും കക്കൂസിന്റെയും വൃത്തിയില്ലായ്മ, ശുചിത്വമില്ലായ്മ എന്നിവയെല്ലാം കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൊബൈല്‍ ഫോണ്‍

500 ഓളം കുട്ടികളില്‍ മൊബൈല്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കം. കുറച്ചുപേര്‍ക്ക് വീട്ടുകാര്‍ മൊബൈല്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്. കുറേ പേര്‍ക്ക് അവരുടെ ഫ്രന്‍സുകളും. സുഹൃത്തുക്കള്‍ മുഖേനയും മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണാനിടയായവരും ഉണ്ട്.

പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാനോ പരിഹരിക്കപ്പെടാനോ അവസരങ്ങളില്ല. സ്‌കൂള്‍ അധികൃതരെയും വീട്ടുകാരെയും പ്രശ്‌നം അവതരിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ ഭയക്കുന്നു. ഇക്കൂട്ടര്‍ പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമോ എന്ന ഭയമാണ് പെണ്‍കുട്ടികള്‍ പലതും പറയാന്‍ മുതിരാത്തത്.

തൃശ്ശൂര്‍ വിമല കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആശാ പി. റാവു ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. ബന്ധുവീട്ടില്‍ പോയിനിന്ന പെണ്‍കുട്ടി മനോവിഷമത്തോടെ മടങ്ങിവരുന്നു. വിവരമന്വേഷിച്ച അമ്മയോട് അവള്‍ മനസ്സ് തുറന്നു. ഒരു അടുത്ത ബന്ധുവില്‍നിന്നുണ്ടായ മോശം പെരുമാറ്റമായിരുന്നു അവള്‍ പറഞ്ഞത്. പക്ഷേ, അധ്യാപിക കൂടിയായ അമ്മ മകളെ ശാസിച്ചു. അവന്‍ അങ്ങനെ ചെയ്യില്ല. നീ വേണ്ടാത്തത് ചിന്തിച്ചുണ്ടാക്കുകയാണ് എന്നായിരുന്നു അമ്മയുടെ പ്രതികരണം. അതോടെ മകള്‍ തകര്‍ന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് മകളാണ് ശരിയെന്ന് അമ്മയ്ക്ക് മനസ്സിലായെങ്കിലും വൈകിയിരുന്നു.

കായിക പരിശീലനത്തിന് പോയ മൂന്നാം ക്ലാസുകാരന്‍, അധ്യാപകന്റെ ബലഹീനതകളെക്കുറിച്ച് അച്ഛനോട് പറഞ്ഞത് ഇങ്ങനെ, 'ആ മാഷ് ചീത്തയാണ്. ഞാന്‍ പോകുന്നില്ല'. എന്നാല്‍ അച്ഛന്‍ ആദ്യം അതത്ര കാര്യമായി എടുത്തില്ല. സാര്‍ സ്ട്രിക്റ്റായതുകൊണ്ട് തോന്നുന്നതാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

No comments:

Post a Comment