Saturday 22 October 2011

sanghadeepam news


ലൈംഗിക കുറ്റകൃത്യങ്ങളിലെ മനഃശാസ്ത്രം

ലൈംഗിക കുറ്റകൃത്യങ്ങളിലെ വില്ലന്റെ മനസ്സും പഠിക്കാനും ഇത്തരം സ്വഭാവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പഠനങ്ങളില്‍ നിന്നു വെളിവായ പല രസഹ്യങ്ങളും സാമാന്യധാരണകളുമായി യോജിച്ചു പോവുന്നവയല്ല. ആക്രമണത്തിനു മുതിരുന്ന പുരുഷന്‍മാര്‍ താരതമ്യേന ആസ്‌ക്തി കൂടുതലുള്ളവര്‍ ആണ് എന്നൊരു ധാരണ നിലവിലുണ്ട്. എന്നാലിത് ശരിയല്ല. ഇവരില്‍ പലരും ആരോഗ്യകരമായ സാഹചര്യത്തില്‍ ലൈംഗികമായി നല്ല പ്രകടനം നടത്താന്‍ കഴിവുള്ളവരല്ല. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവും അപകര്‍ഷതാബോധവും ചിലപ്പോള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് കാരണമാവുന്നു. പരീക്ഷണം നടത്താനും വിജയം ഉറപ്പു വരുത്താനുമുള്ള പ്രേരണയാണ് ഇവിടെ മുമ്പില്‍ നില്‍ക്കുന്നത് പ്രതികാരചിന്തയില്‍ സ്ത്രീയെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വ്യക്തിത്വത്തിലെ വൈകല്യങ്ങളാണ് ഇനിയൊരു കാരണം, പിടിക്കപ്പെടുകയില്ല എന്നുറപ്പുള്ള പക്ഷം എന്തു തോന്ന്യാസവും കാട്ടാന്‍ തയാറുള്ള ചില ക്രിമിനില്‍ വ്യക്തിത്വങ്ങളുണ്ട്.

ധര്‍മാധര്‍മങ്ങളെപ്പറ്റിയുള്ള വിവേചന ബുദ്ധി തീരെ നശിച്ചവരാണ് ഇക്കൂട്ടര്‍. ഇവരുടെ മുന്നില്‍ അനുകൂലസാഹചര്യത്തില്‍ ഒരു സ്ത്രീ വന്നുപെടുന്ന പക്ഷം ആക്രമണം നടന്നതു തന്നെ ഉന്മാദരോഗികളും അപസ്മാര രോഗമുള്ള വരും തലച്ചോറിന്റെ താളപ്പിഴകള്‍ മൂലം സ്ത്രീകളെ ആക്രമിക്കാറുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തയാറാവുന്നവരാണ് ഇനിയൊരു കൂട്ടര്‍.

ബലാത്സംഗത്തിനു വിധേയയാവുന്ന സ്ത്രീയുടെ മാനസികാവസ്ഥ കൂടി ശ്രദ്ധിക്കാം. സംഭവം നടന്നു കഴിഞ്ഞ് കുറേ നേരത്തേക്ക് ഒന്നും ഓര്‍മിക്കാനാവാത്ത ബ്ലാക്ക് ഔട്ട് അവസ്ഥയിലാവുന്നു പെണ്‍കുട്ടി. നടന്നത് സ്വപ്നമോ സത്യമോ എന്ന സംശയവും അവളെ പിടികൂടുന്നു.

പിന്നീട് സംഭവങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്നവണ്ണം മനസിലേക്ക് കടന്നു വരികയായി. തനിക്കേറ്റ കളങ്കത്തെപ്പറ്റി അവള്‍ ബോധവതിയാകുന്നു. ആത്മഹത്യ മുതല്‍ പ്രതികാരചിന്ത വരെ പലതും മനസിലേക്കു കടന്നു വരുന്നത് ഈ വേളയിലാണ്.

ബലാല്‍ക്കാരം ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരും പില്ക്കാലത്ത് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി കണ്ടിട്ടുണ്ട്. അപകര്‍ഷതാബോധവും ആത്മനിന്ദയും ഇവരെ വേഗം ഗ്രസിക്കുന്നു. വിഷാദത്തിലേക്കു വഴുതി വീണ് ആത്മഹത്യയില്‍ പ്രശ്‌നപരിഹാരം തേടുന്നവരാണ് ഒരു വിഭാഗം, മറ്റൊരു കൂട്ടര്‍ പുരുഷവര്‍ഗത്തോടു മുഴുവന്‍ പകയും വാശിയുമായി ജീവിക്കുന്നു. ഉത്സാഹക്കുറവ്, ഭയം, സംശയം തുടങ്ങി പല രൂപത്തിലും പ്രശ്‌നങ്ങള്‍ ഉദയം ചെയ്യാം. ലൈംഗിക മരവിപ്പ് ബാധിച്ച് മനഃശാസ്ത്ര ചികിത്സയ്ക്ക് എത്തിയ പല സ്ത്രീകളും കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ ലൈംഗിക ചൂഷണത്തിന് വിധേയരായതായി മനഃശാസ്ത്രജ്ഞന് അനുഭവപ്പെട്ടിട്ടുണ്ട്.

ബലാത്സംഗത്തിനു വിധേയയായ സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് വികലമാണ്. അവളെ കുറ്റപ്പെടുത്തുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ആഴമേറിയ വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും കാരണമാവുന്നു. മനോരോഗങ്ങള്‍ക്ക് സാധ്യതയുള്ളവരില്‍ അതു പുറത്തുവരാനും ഈയവസരം വളക്കുറുള്ളതാണ്. സഹതാപം പ്രകടിപ്പിക്കുന്നതും കണ്ണുനീരൊഴുക്കുന്നതും ദുഃഖം വര്‍ധിക്കാന്‍ കാരണമാവുന്നു. അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാനും ആത്മഹത്യ തടയാനുള്ള മുന്‍കരുതല്‍ എടുക്കുവാനുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

മാനഭംഗം ചെയ്യപ്പെട്ടു എന്ന പരാതിയുമായി അധികാരികളെ സമീപിച്ചാല്‍ അത് കൂടുതല്‍ നാണക്കേടിനു കാരണമാകുമെന്നു കരുതി പീഡിതര്‍ പലപ്പോഴും മൗനം ഭജിക്കുന്നു. എന്നാലീ രീതി ശരിയല്ല. സ്ത്രീയുടെ താത്പര്യത്തിനു വിപരീതമായി നടക്കുന്ന ശാരീരികബന്ധത്തെ ബലാല്‍ക്കാരമായി കണക്കാക്കാം. ഭീഷണിയിലുടെ സമ്മതം നേടുന്നത് കൂടുതല്‍ കുറ്റകരമാണ്.

മൈനറായ പെണ്‍കുട്ടിയാണ് ഇതിന് വിധേയയാവുന്നത് എങ്കില്‍ അവളുടെ സമ്മതം ഉണ്ടായിരുന്നാല്‍ക്കൂടി സംഭവം ബലാത്സംഗമായി പരിഗണിക്കപ്പെടുന്നു. മേലുദ്യോഗസ്ഥന്‍ തന്റെ അധികാരം ഉപയോഗിച്ച് താഴെയുള്ള ഒരാളെ സ്വന്തം ഇംഗിതത്തിനു വഴിപ്പെടുത്തിയാല്‍ ശിക്ഷയുടെ കാഠിന്യം ഏറുകയേയുള്ള. ഇത്തരം അവസരങ്ങളില്‍ സ്ത്രീയുടെ മൊഴി മുഖവിലക്കെടുക്കാന്‍ നിയമം തയാറാവുന്നു. അതിനാല്‍ പരാതിക്കാര്‍ മടിച്ചു നില്ക്കാതെ നീതിപീഠത്തെ സമീപിക്കുക തന്നെ വേണം. മഹിളാസംഘടനകളും അഭിഭാഷകരുടെ ഫോറങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ സൗജന്യനിയമ സഹായം നല്‍കാറുണ്ട്.

അല്പം ശ്രദ്ധിച്ചാല്‍ ഇത്തരം അത്യാഹിതങ്ങള്‍ തടയാന്‍ കഴിയും. ഫാഷന്റെ പേരിലും മറ്റും നടത്തുന്ന അശ്രദ്ധമായ വസ്ത്രധാരണം സ്ത്രീകള്‍ തീര്‍ത്തും ഒഴിവാക്കണം പുരുഷന്മാരെ പ്രലോഭിപ്പിക്കുന്ന തരം ദ്വയാര്‍ഥപ്രയോഗങ്ങള്‍ അപകടം ക്ഷണിച്ചു വരുത്തുന്നവയാണ്. സ്ത്രീ ഒറ്റയ്ക്കുള്ള സമയം അന്യപുരുഷന്മാരെ വീട്ടിനുള്ളില്‍ കടത്തുന്നത് ഒഴിവാക്കി സിറ്റൗട്ടില്‍ വച്ചുതന്നെ പറഞ്ഞയയ്ക്കുകയാണ് നന്ന്, അപരിചിതരുടെ ലിഫ്റ്റുകള്‍ ഒഴിവാക്കുകയും യാത്രയ്ക്ക് ഓട്ടോ പോലുള്ള തുറന്ന വാഹനങ്ങള്‍ ഉപയോഗിക്കുകയും വേണം. ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ അപരിചിതര്‍ നല്കുന്ന ആഹാരസാധനങ്ങള്‍ നന്ദിപൂര്‍വം നിരസിക്കുന്നതാണ് ബുദ്ധി. പുരുഷന്മാരുമായി സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെടാനായി പാര്‍ക്ക്, ബീച്ച് തുടങ്ങിയ പൊതുസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുക. വിജനമായ സ്ഥലങ്ങളിലോ ഹോട്ടല്‍ മുറിയിലോ പോയശേഷം പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല.

                                                                                                   
                                                                                                   കടപ്പാട് മാതൃഭൂമി ദിനപത്രം 

No comments:

Post a Comment