Thursday 13 October 2011

sanghadeeepam news

അയര്‍ലന്‍ഡില്‍ നിന്ന് ഭാരതത്തിന്റെ ആത്മാവിലേക്ക്‌
ശ്രീകുമാരി രാമചന്ദ്രന്‍ 

അയര്‍ലന്‍ഡില്‍ ജനിക്കുകയും ഭാരതീയതയാല്‍ ആകര്‍ഷിക്കപ്പെട്ട് ഈ രാജ്യത്തെത്തി സ്വാമി വിവേകാനന്ദന്റെ ശിഷ്യത്വം സ്വീകരിച്ച്് ഇവിടം തന്റെ കര്‍മ ഭൂമിയാക്കുകയും ചെയ്ത മഹതിയാണ് ഭഗിനി നിവേദിത...


''നിങ്ങള്‍ ജനിച്ചത് നിങ്ങള്‍ക്കുമാത്രം വേണ്ടിയല്ല, നിങ്ങളുടെ അയല്‍ക്കാരനുവേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയുമാണ്.''

ഇന്ത്യയെ സ്‌നേഹിച്ച, ഇന്ത്യയ്ക്കുവേണ്ടി സ്വയം സമര്‍പ്പിച്ച മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിതയുടെ വാക്കുകളാണ് മേലുദ്ധരിച്ചത്. അയര്‍ലന്‍ഡില്‍ ജനനം. അവിടെയും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം. സ്വാമി വിവേകാനന്ദനുമായുണ്ടായ സമ്പര്‍ക്കം ജീവിതത്തിലെ പ്രധാനമായൊരു വഴിത്തിരിവായി. തുടര്‍ന്ന് ഇന്ത്യയിലേക്ക് വരുകയും ഇന്ത്യന്‍ ജനതയെ ഉദ്ധരിക്കുന്നതിലേക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു. പ്രിയശിഷ്യയ്ക്ക് സ്വാമി വിവേകാനന്ദന്‍ ഉചിതമായ ഒരു പേര് തന്നെ നല്‍കി; 'നിവേദിത' സമര്‍പ്പിക്കപ്പെട്ടവള്‍ എന്നര്‍ഥം.


പതിനെട്ട് വയസ്സുള്ളപ്പോള്‍ കേസ്‌വിക് സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചുകൊണ്ട് മാര്‍ഗരറ്റ് തന്റെ കര്‍മകാണ്ഡത്തിന് തുടക്കം കുറിച്ചു. ത്യാഗത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ക്ക് ഉദ്യുക്തയായതോടെ കേസ്‌വിക്കിനോട് വിട പറഞ്ഞു റഗ്ബിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അനാഥാലയത്തിലെത്തി. കുട്ടികളെ പഠിപ്പിച്ചും അവരുടെ തൊഴില്‍ പങ്കിട്ടും മാര്‍ഗരറ്റ് ഉപജീവനം തേടി. തുടര്‍ന്ന് ഇരുപത്തൊന്നാം വയസ്സില്‍ റെക്‌സ് ഹാം സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി. അവിടെ അധ്യാപനത്തിന് പുറമെ വ്യക്തിജീവിതത്തിന്റെ പുനസ്സംവിധാനത്തിനും അവര്‍ സമയം ചെലവഴിച്ചു. വിദ്യാര്‍ഥികളുടെ തുണയോടെ ഖനിത്തൊഴിലാളികളുടെ ജീവിതവുമായി ബന്ധം പുലര്‍ത്തുകയും അവരുടെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കുകയും പതിവാക്കി. അതിനിടെ എന്‍ജിനീയറായ വെല്‍ഷ് യുവാവുമായുണ്ടായ പ്രണയം! അത് വിവാഹത്തിലെത്തുംമുമ്പ് യുവാവിന്റെ മരണം സംഭവിച്ചത് മാര്‍ഗരറ്റിനെ അസ്വസ്ഥയാക്കി. പിന്നീട് ചെസ്റ്റര്‍ എന്ന ഗ്രാമത്തിലേക്ക് അവര്‍ സ്ഥലംമാറ്റം വാങ്ങിപ്പോയി. മാതാവും സഹോദരിയും സഹോദരനുമടങ്ങുന്ന കുടുംബത്തോടൊപ്പം ലിവര്‍പൂളില്‍ താമസവുമായി. ഇക്കുറി കുട്ടികളുടെ മാനസികാപഗ്രഥനത്തിലായിരുന്നു ശ്രദ്ധ.


സ്‌കൂള്‍, സമുദായം, സുഹൃദ്‌സംഘം എന്നീ കാര്യങ്ങളില്‍ മാര്‍ഗരറ്റ് വിജയപൂര്‍വം പരിലസിച്ചു. മതരഹിതമായ ഒരു ജീവിതം തനിക്കസാധ്യമെന്ന യാഥാര്‍ഥ്യം വെളിപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. തോമസ് എ കെമ്പിസിന്റെ ''നിങ്ങള്‍ എന്നോട് എന്തു പ്രാര്‍ഥിക്കുന്നുവോ അതായിത്തീരുക'' എന്ന ലഘു പ്രാര്‍ഥനയിലൂന്നിക്കൊണ്ടായിരുന്നു തുടര്‍ന്നുള്ള ജീവിതം.


ലണ്ടനില്‍വെച്ചു സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ സന്ദര്‍ഭം മാര്‍ഗരറ്റിന്റെ ജീവിതത്തിലെ അസുലഭമുഹൂര്‍ത്തമായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ബുദ്ധമായ പ്രഭാഷണം സ്വന്തം ആത്മാവിന്റെ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്നത് അവരറിഞ്ഞു. പരമമായ അജ്ഞതയുടെ അന്ധ തമസ്സിലേക്ക് തള്ളപ്പെട്ട സാധുക്കളായ ഭാരതീയരുടെ ദാരുണചിത്രമാണ് സ്വാമിജി തന്റെ പ്രഭാഷണങ്ങളിലൂടെ വരച്ചുകാട്ടിയത്. സ്വാമിജിയുടെ അത്ഭുതകരമായ ആത്മീയാകര്‍ഷണവലയത്തിലേക്ക് മാര്‍ഗരറ്റ് മെല്ലെ കടന്നുചെന്നു. ഈശ്വരനെ അറിയാന്‍ മഹത്തായ മൂന്നു മാര്‍ഗങ്ങളുണ്ടെന്നും അവ ജ്ഞാനം, ഭക്തി, കര്‍മം എന്നിവയാണെന്നും അവര്‍ തിരിച്ചറിഞ്ഞു. അതോടെ മാര്‍ഗരറ്റ് , സ്വാമിജിയെ 'ഗുരു' എന്നു സംബോധനചെയ്ത് ശിഷ്യത്വം പ്രകടമാക്കി. ''ദൈവം അനുഗ്രഹിക്കുന്നെങ്കില്‍ ഞാന്‍ അങ്ങയോടൊപ്പം ഇന്ത്യയില്‍ വന്ന് സന്നദ്ധ സേവനത്തിലേര്‍പ്പെടാം. നമുക്ക് നമ്മുടെ യത്‌നങ്ങള്‍ സമന്വയിപ്പിക്കാം'' മാര്‍ഗരറ്റ് തുറന്നുപറഞ്ഞു.


''അതേ; ഇന്ത്യയിലേക്കു വരൂ. അവിടെ പ്രവര്‍ത്തിക്കുക എന്നതാണ് നിങ്ങളുടെ നിയോഗം''സ്വാമിജി ശിഷ്യയെ സ്വാഗതംചെയ്തു. ശുഭപ്രതീക്ഷയോടെ അദ്ദേഹം ഇന്ത്യയ്ക്ക് മടങ്ങി. മഹത്തായ ആദര്‍ശത്തിന്റെ ഉള്‍വെളിച്ചത്തിലൂടെ മാര്‍ഗരറ്റ് നിധിശേഖരണം നടത്തി. സ്വാമിജിക്ക് അയച്ചുകൊടുത്തു. ''ഭാരതത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമോ എന്നു തുറന്നുപറയൂ. ഭാരതത്തിലേക്കുവരാന്‍ എനിക്കാഗ്രഹമുണ്ട്. ഞാന്‍ സ്വയം പൂര്‍ണയാവാന്‍ ഇന്ത്യ എന്നെ പഠിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' മാര്‍ഗരറ്റ് സ്വാമിജിക്ക് കത്തെഴുതി. മാര്‍ഗരറ്റില്‍ ജന്മസിദ്ധമായ മിഷണറി ഉണര്‍ന്നുകഴിഞ്ഞിരുന്നു.


മാസങ്ങളോളം നീണ്ടുനിന്ന മാനസിക വടംവലികളെ തരണംചെയ്ത മാര്‍ഗരറ്റ് കുടുംബത്തോടു യാത്രപറഞ്ഞു കപ്പല്‍കയറി. അനേകദിവസത്തെ പ്രയാണത്തിനൊടുവില്‍ മൊംബാസ് എന്ന കപ്പല്‍ കല്‍ക്കത്ത തുറമുഖത്തടുത്തു. അങ്ങനെ 1898 ജനവരി 28ാം തീയതി മാര്‍ഗരറ്റ് ഇന്ത്യന്‍ മണ്ണില്‍ കാല്‍കുത്തി. തനിക്കുമുമ്പേ ഇന്ത്യയിലെത്തിയിരുന്ന ക്യാപ്റ്റന്‍ സേവിയര്‍, മിസിസ്സ് സേവിയര്‍, ഹെന്റിറ്റാ മുള്ളര്‍, മിസിസ്സ് സാറാ ഓള്‍ബുള്‍, മിസിസ്സ് മക്‌ലിയോഗ് എന്നിവര്‍ക്കൊപ്പം ബേലൂരിലെ വിവേകാനന്ദ ആശ്രമത്തില്‍ മാര്‍ഗരറ്റ് ആത്മീയതയുടെ പുത്തന്‍ പാതകള്‍ കണ്ടെത്തി. യഥാര്‍ഥ മനുഷ്യസ്‌നേഹമെന്തെന്ന് വ്യക്തമായി മനസ്സിലാക്കി. അതോടെ സര്‍വസംഗപരിത്യാഗിയായിത്തീര്‍ന്ന മാര്‍ഗരറ്റ് ബ്രഹ്മചര്യദീക്ഷ വരിച്ച് ഭഗിനി നിവേദിത എന്ന പേര് സ്വീകരിച്ചു. ജീവിതം സമ്പൂര്‍ണമായി ഭാരതാംബയുടെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു.


സംന്യാസ ജീവിതം നയിക്കാന്‍ തുടങ്ങുമ്പോള്‍ താന്‍ മാതൃഭൂമിയായി സ്വീകരിച്ച ഭാരതത്തെ ആധ്യാത്മികമായും ഭൗതികമായും ഉയര്‍ത്തുക എന്നതാണ് അവര്‍ ലക്ഷ്യമാക്കിയത്. നിവേദിതയുടെ പ്രവര്‍ത്തനം ബഹുമുഖമായിരുന്നു. ആത്മീയ മാര്‍ഗത്തിലൂടെ ചരിക്കുമ്പോഴും ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യജ്ഞങ്ങളില്‍ അവര്‍ സജീവമായി പങ്കെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും അവര്‍ താത്പര്യം കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ ത്യാഗപൂര്‍ണമായ സേവനമാണ് അവര്‍ കാഴ്ചവെച്ചത്.


ഭാരതീയ വനിതകളുടെ സമുദ്ധരണത്തെ ലക്ഷ്യമാക്കി ഒരു സ്‌കൂള്‍ സ്ഥാപിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവന്നു നിവേദിതയ്ക്ക്. 1903 ഏപ്രിലില്‍ 'നിവേദിതാ സ്‌കൂള്‍' ഉദ്ഘാടനം ചെയ്യപ്പെട്ടു. സഹോദരിമാരുടെ ഭവനം (ഹൗസ് ഓഫ് സിസ്‌റ്റേഴ്‌സ്) അബലകളായ വനിതകള്‍ക്ക് അഭയകേന്ദ്രമായി. ബാലികാ വിധവകളെ പുനരധിവസിപ്പിക്കുക, യാഥാസ്ഥിതിക കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ആത്മപ്രകാശനത്തിന് വഴിയൊരുക്കിക്കൊടുക്കുക എന്നിങ്ങനെയായിരുന്നു സ്‌കൂളിന്റെ പ്രവര്‍ത്തനശൈലി. പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പരിശീലനവും നല്കി. ക്രമേണ കുട്ടികളുടെ ഭാവനയും ബോധതലവും ഉണര്‍ന്നു. ഭഗിനി നിവേദിതയുടെ ആത്മാര്‍ഥ പരിശ്രമങ്ങളിലൂടെ ഒരു ഭാരതദര്‍ശനം സാധ്യമായത് ഗ്രാമീണ വനിതകള്‍ക്ക് ഒരു പുതിയ അനുഭവമായി.


''ഈ വിദ്യാലയം ജീവിതത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്'' എന്നാണ് നിവേദിത പറഞ്ഞിരുന്നത്. ''നിവേദിതാ ഗില്‍ഡ് ഓഫ് ഹെല്‍പ്പ് ഇന്‍ ബ്രിട്ടന്‍ ആന്‍ഡ് അമേരിക്ക''യാണ് സ്‌കൂളിന് സാമ്പത്തിക സഹായം നല്കിവന്നത്. നിവേദിതയുടെ പ്രഭാഷണങ്ങളായിരുന്നു മുഖ്യ ആദായമാര്‍ഗം. വളരെ ക്ലേശങ്ങള്‍ സഹിച്ചുകൊണ്ടാണ് നിവേദിത ആവശ്യത്തിനുള്ള ധനം കണ്ടെത്തിയിരുന്നത്. പണം തീരെയില്ലാതെ വന്ന അവസരങ്ങളില്‍ ക്ലാസ് മുടക്കേണ്ടതായും വന്നിട്ടുണ്ട്. എങ്കിലും നിവേദിത തുടങ്ങിവെച്ച വിദ്യാലയങ്ങള്‍ കാലക്രമത്തില്‍ വളര്‍ച്ചയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. 'നിവേദിതാ പ്ലേ സ്‌കൂള്‍', 'സിസ്റ്റര്‍ നിവേദിതാ കോളേജ് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്' തുടങ്ങിയ സ്ഥാപനങ്ങള്‍ ഭഗിനി നിവേദിതയുടെ സ്മരണാര്‍ഥം ഇന്നും കൊല്‍ക്കത്തയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.


വിദ്യാഭ്യാസ മേഖലയില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനമായിരുന്നില്ല നിവേദിതയുടേത്. ഇതര പ്രവര്‍ത്തനങ്ങളിലും അവര്‍ ഊര്‍ജസ്വലതയോടെ വ്യാപരിച്ചു. 'റിവ്യു ഓഫ് ദി വ്യൂസ്' എന്ന ലണ്ടന്‍ പത്രത്തിലും 'സ്‌റ്റേറ്റ്‌സ്മാന്‍' തുടങ്ങിയ ഇന്ത്യന്‍ പത്രങ്ങളിലും നിവേദിതയുടെ പ്രബന്ധങ്ങള്‍ നിരന്തരമായി പ്രത്യക്ഷപ്പെട്ടു. 'സ്വദേശി പ്രസ്ഥാന'ത്തിലും അവര്‍ സജീവമായി പങ്കെടുത്തുപോന്നു. അവരുടെ പ്രഭാഷണങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് ആവേശം പകര്‍ന്നു. 1905ല്‍ ലോകമാന്യ തിലകന്‍ ഉദ്ഘാടനം ചെയ്ത നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട 'ദേശീയ സ്വദേശി പ്രദര്‍ശനം' തയ്യാറാക്കുന്നതിലും നിവേദിത സഹകരിച്ചു.


1898 മുതല്‍ 1911 വരെയുള്ള പതിന്നാലുവര്‍ഷക്കാലം നിവേദിത ഭാരതാംബയെ സേവിച്ചു. ഭഗിനി നിവേദിത 1911ഒക്ടോബര്‍ പതിമ്മൂന്നാം തീയതി ഭൗതിക ശരീരം വെടിഞ്ഞ് ഈശ്വരപാദത്തിങ്കല്‍ സായുജ്യം നേടി.


നിവേദിതയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥാനത്ത് ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നു. ''സ്വന്തമായുള്ളതെല്ലാം ഭാരതത്തിന് സമര്‍പ്പിച്ച ഭഗിനി നിവേദിത ഇവിടെ വിശ്രമം കൊള്ളുന്നു.'' അക്ഷരാര്‍ഥത്തില്‍ അതു ശരിയാണ്.

No comments:

Post a Comment