Friday 21 October 2011

ടി.വി.ആര്‍. ഷേണായ്‌

 


പരാജയത്തിന്റെ കാണാപ്പുറം



ഉപതിരഞ്ഞെടുപ്പുകളിലെ ഫലം തങ്ങളുടെ സ്വാധീന മേഖലകളിലല്ലെന്നു പറഞ്ഞ് കോണ്‍ഗ്രസ്സിന്
ഒഴിഞ്ഞുമാറാം.തങ്ങളുടെ കൈവശമുള്ള സീറ്റുകളിലായിരുന്നില്ല തോല്‍വി എന്നു പറഞ്ഞ് സമാധാനിക്കുകയും ചെയ്യാം.പക്ഷേ, വിശദാംശങ്ങളിലേക്കു കടന്നുചെന്നാല്‍ തോല്‍വി നിസ്സാരമായിരുന്നില്ല എന്നും കോണ്‍ഗ്രസ്സിനെ, ഈ ഫലങ്ങള്‍ പ്രതികൂലമായി ബാധിച്ചു എന്നും മനസ്സിലാവും


ആരാണ് ജയിച്ചത്? ആരാണ് തോറ്റത്? ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു, ഫലവും അറിഞ്ഞു. ഇനി വൈകാരികത മാറ്റിനിര്‍ത്തി തിരഞ്ഞെടുപ്പു ഫലം യുക്തിബോധത്തോടെ പരിശോധിക്കുകയാണ് വേണ്ടത്.

ഹരിയാണയില്‍ ഒഴിവുള്ള ഹിസാര്‍ ലോക്‌സഭാമണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. അതിനൊപ്പം മഹാരാഷ്ട്രയിലെ ഖഡക്‌വാസ്‌ല, ബിഹാറിലെ ദറോണ്ഡ, ആന്ധ്രപ്രദേശിലെ ബന്‍സ്‌വാഡ, തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി, പുതുച്ചേരിയിലെ ഇന്ദിരാനഗര്‍ എന്നീ നിയമസഭാമണ്ഡലങ്ങളും ഉപതിരഞ്ഞെടുപ്പിനു വേദിയായി.
ഹിസാറില്‍ കുല്‍ദീപ് ബിഷേ്ണായ് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാസീറ്റുകളിലെ വിജയികള്‍ ഇവരാണ്: ബന്‍സ്‌വാഡയില്‍ പൊച്ചാരം ശ്രീനിവാസറെഡ്ഡി, ഖഡക്‌വാസ്‌ലയില്‍ ഭീമറാവു തപ്കീര്‍, ദറോണ്ഡയില്‍ കവിതാസിങ്, തൃശ്ശിനാപ്പള്ളി വെസ്റ്റില്‍ എം. പരംജ്യോതി, ഇന്ദിരാ നഗറില്‍ എം. തമിഴ് ശെല്‍വന്‍.

മേല്‍പ്പറഞ്ഞ വിജയികളിലാരും കോണ്‍ഗ്രസ്സില്‍ നിന്നുള്ളവരല്ല. അവരുടെ മുന്നണിയായ യു.പി.എ.യിലെ സഖ്യകക്ഷികളില്‍ നിന്നുള്ളവരുമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് വക്താക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഉപതിരഞ്ഞെടുപ്പു നടന്ന സീറ്റുകളൊന്നും കോണ്‍ഗ്രസ്സിന്റെ കൈവശമുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ തോല്‍വി നിര്‍ണായകവുമല്ല.'' എവിടെയാണ് സത്യം മറഞ്ഞു കിടക്കുന്നത്? തീര്‍ച്ചയായും വിശദാംശങ്ങള്‍ക്കിടയില്‍ അത് ഒളിഞ്ഞിരിപ്പുണ്ട്.

ഹിസാറില്‍ നിന്നു തുടങ്ങാം. ഹസാരെ സംഘത്തിന്റെ (ഈ സംഘം ഓരോ മാസം ചെല്ലുന്തോറും ചുരുങ്ങിച്ചുരുങ്ങി വരികയാണെന്നത് മറ്റൊരു ചര്‍ച്ചാവിഷയം.) ഇടപെടല്‍ മൂലം ഇവിടത്തെ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഒമ്പത് നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹിസാര്‍ ലോക്‌സഭാമണ്ഡലം. ഉച്ചനകലന്‍, ആദംപുര്‍, ഉക്‌ലാന, നര്‍നോന്ദ്, ഹന്‍സി, ബര്‍വാല, നല്‍വ, ഭവാനി ഖേര എന്നിവയും ഹിസാര്‍ നിയമസഭാമണ്ഡലവും. ഇവയില്‍ രണ്ടിടത്തു നിന്നുള്ള എം. എല്‍. എ.മാര്‍ വായനക്കാര്‍ക്ക് പരിചിതരായിരിക്കും. ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ നേതാവ് പ്രകാശ് ചൗട്ടാലയും ആദംപുരിലെ സിറ്റിങ് എം.എല്‍.എ. കുല്‍ദീപ് ബിഷേ്ണായിയും. പിതാവ് ഭജന്‍ലാലിന്റെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കുല്‍ദീപ് ബിഷേ്ണായ് ഇപ്പോള്‍ ലോക്‌സഭാംഗമായി.

ബാക്കി ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ ആറിടത്തും കോണ്‍ഗ്രസ്സിന്റെ എം.എല്‍.എ.മാരാണ്. ഉക്‌ലാനയിലെ നരേഷ് സെല്‍വാളും ഹന്‍സിയിലെ വിനോദ് ഭായനയും ഭര്‍വാലയിലെ രാംനിവാസ് ഘൊരോളയും നല്‍വയിലെ പ്രൊഫ. സമ്പത്ത് സിങ്ങും ഭവാനിഖേരയിലെ രാം കിഷന്‍ ഫൗജിയും ഹിസാറിലെ സാവിത്രി ജിന്‍ഡാലും നിയമസഭയില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്യുന്നു.

ഇനി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശിന്റെ സ്ഥിതിയെന്തെന്ന് നോക്കാം. ഒമ്പത് നിയമസഭാമണ്ഡലത്തില്‍ ഒരിടത്തുപോലും ഒന്നാമതോ രണ്ടാമതോ എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതില്‍ ആറു സീറ്റുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൈയിലാണെന്ന് ഓര്‍ക്കുക. അതിലും വലിയ നാണക്കേട് ആ പാവം മനുഷ്യന് കെട്ടിവെച്ച പണം പോലും നഷ്ടമായെന്നതാണ്.

ആത്യന്തികമായി കനത്ത നഷ്ടം കോണ്‍ഗ്രസ്സിനാണെങ്കില്‍, ആരാണ് വിജയി? ഉച്ചനകലനില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ സ്ഥാനാര്‍ഥി അജയ് സിങ് ചൗട്ടാലയ്ക്ക് 68,157 വോട്ട് ലഭിച്ചു, 'ഹരിയാണ ജനഹിത' കോണ്‍ഗ്രസ്സിന്റെ കുല്‍ദീപ് ബിഷേ്ണായിക്ക് 33,678 വോട്ടും. ഉക്‌ലാനയില്‍ ലോക്ദളിന് 53,468 വോട്ട് ലഭിച്ചപ്പോള്‍ ബിഷേ്ണായിക്ക് 31,173 വോട്ടുമാത്രം. നര്‍നോന്ദിലത് 52,256-29,070 എന്ന ക്രമത്തിലാണ്. ഭവാനി ഖേരയിലും ലോക്ദള്‍ തന്നെ മുന്നില്‍, 37, 330-34,803. ബിഷ്‌ണോയിയുടെ ഭാഗ്യത്തിന് മറ്റു മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലുള്ളവയില്‍ നല്ല വോട്ടു നേടി 6,322ന്റെ നേരിയ ഭൂരിപക്ഷത്തില്‍ കഷ്ടിച്ച് രക്ഷപ്പെടാനായി.

തിരഞ്ഞെടുപ്പു രേഖകളില്‍ കുല്‍ദീപ് ബിഷേ്ണായിയുടെ പേര് തന്നെയാണ് വിജയിയായി എഴുതപ്പെടുക. എന്നാലദ്ദേഹത്തിന് ലഭിച്ച ആനുകൂല്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ വിജയം ആഘോഷിക്കപ്പെടേണ്ടതാണോ? ഭജന്‍ലാലിന്റെ മരണത്തെത്തുടര്‍ന്നുള്ള സഹതാപതരംഗം പുത്രനായ ബിഷേ്ണായിക്ക് അനുകൂലമായിരുന്നു. ബി.ജെ.പി.യാകട്ടെ അദ്ദേഹത്തിന്റെ ജനഹിതകോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുകയും ചെയ്തു. എന്നിട്ടും അന്തിമഘട്ടത്തില്‍ കഷ്ടിച്ചൊരു വിജയം.

യഥാര്‍ഥവിജയം ഓം പ്രകാശ് ചൗട്ടാലയുടെ ഐ. എന്‍. എല്‍. ഡി.ക്കാണെന്നതാണോ അതര്‍ഥമാക്കുന്നത് ? അജയ് സിങ് ചൗട്ടാലയുടേത് സാങ്കേതിക പരാജയം മാത്രമാണെന്നാണ് ഹരിയാണ മുന്‍മുഖ്യമന്ത്രിയായ ഓംപ്രകാശ് ചൗട്ടാല പറയുന്നത് - ''സാങ്കേതികമായി ഞങ്ങള്‍ പരാജയപ്പെട്ടിരിക്കാം. എന്നാല്‍, വോട്ടിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് 41 ശതമാനം വര്‍ധനയുണ്ടാക്കാനായി. 2009-ല്‍ 2,41,493 വോട്ട് കിട്ടിയ സ്ഥാനത്ത് ഇക്കുറിയത് 3,49,618 ആയി ഉയര്‍ന്നു.'' ഹിസാറില്‍ ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം നടന്നുവെന്നാണ് തോന്നുന്നത്. ജാട്ട് വോട്ടുകള്‍ അജയ് സിങ് ചൗട്ടാലയ്ക്ക് പിന്നാലെ. ജാട്ട് ഇതരവോട്ടുകള്‍ കുല്‍ദീപ് ബിഷേ്ണായിക്ക് അനുകൂലമായും. ഓം പ്രകാശ് ചൗട്ടാലയെ സംബന്ധിച്ചിടത്തോളം ശുഭശകുനമാണിത്. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത ജാട്ട് വോട്ടുകള്‍ ഇപ്പോള്‍ നേരെ തിരിച്ച് ചൗട്ടാലക്യാമ്പിലേക്ക് നീങ്ങുകയാണ്.

ഹരിയാണയിലെ നിയമസഭാതിരഞ്ഞെടുപ്പ് 2014-ല്‍ നടക്കും. സംസ്ഥാനത്ത് മാറിമറിയുന്ന രാഷ്ട്രീയസമവാക്യങ്ങള്‍ അപ്പോള്‍ ഏതു രൂപത്തിലായിരിക്കുമെന്ന് ആര്‍ക്കറിയാം? മുമ്പെന്ന പോലെ, തങ്ങളില്‍ പൊതുവായുള്ളത് കോണ്‍ഗ്രസ്സും കുല്‍ദീപ് ബിഷേ്ണായിയും വീണ്ടും കണ്ടെത്തിയെന്നിരിക്കാം. പഴയതുപോലെ, ഐ.എന്‍.എല്‍.ഡി.യും ബി.ജെ.പി.യും വീണ്ടും കൈകോര്‍ത്തേക്കാം.
വേദമന്ത്രങ്ങളും ഗീതയുമൊക്കെ ആദ്യം ഉച്ചരിക്കപ്പെട്ട ഹരിയാണ, രാഷ്ട്രീയനിഘണ്ടുവിലേക്കും പ്രയോഗങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. 1964-ല്‍ ഹസ്സന്‍പുരില്‍ നിന്നുള്ള സ്വതന്ത്രനിയമസഭാംഗമായ ഗയാലാല്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു തവണയാണ് കൂറുമാറിയത്. അവിശ്വസനീയതയോടെയും അല്പം അപമാനഭാരത്തോടെയും വൈ.ബി.ചവാന്‍ പില്‍ക്കാലത്ത് കൂറുമാറ്റരാഷ്ട്രീയചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന 'ആയാറാം, ഗയാറാം' എന്ന പ്രയോഗത്തിന് രൂപം നല്‍കി.

വൈ.ബി. ചവാനെ അനുസ്മരിച്ച സ്ഥിതിക്ക് ഇനി അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലേക്കു നോക്കാം. ചവാന്റെ മാനസപുത്രനായ ശരദ്പവാറിന്റെ ശക്തികേന്ദ്രമാണത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായ പവാര്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ പതുക്കെ മകള്‍ സുപ്രിയാ സുലേക്കും മരുമകന്‍ അജിത് പവാറിനും കൈമാറി വരികയാണ്. ഉപതിരഞ്ഞെടുപ്പു നടന്ന ഖഡക്‌വാസ്‌ല നിയമസഭാമണ്ഡലം ഉള്‍പ്പെടുന്ന ബാരാമതിയില്‍ നിന്നുള്ള എം.പി. യാണ് സുപ്രിയ. അജിത് പവാറാകട്ടെ സംസ്ഥാന ഉപമുഖ്യമന്ത്രിയും.

കഴിഞ്ഞ തവണ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയോട് പോരാടി രമേഷ് വന്‍ജാലെ പിടിച്ചെടുത്ത സീറ്റാണത്. ജൂണില്‍ അദ്ദേഹത്തിന്റെ ദേഹവിയോഗത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. അജിത് പവാറിന്റ മര്‍ക്കടമുഷ്ടിക്കു മുന്നില്‍ കോണ്‍ഗ്രസ് സീറ്റ് എന്‍.സി.പി.ക്ക് നല്‍കാന്‍ നിര്‍ബന്ധിതനായി. സഹതാപ വോട്ട് ഉറപ്പാക്കി വിജയം കൊയ്യാന്‍ വന്‍ജാലെയുടെ ഭാര്യയെയാണ് അജിത് പവാര്‍ സ്ഥാനാര്‍ഥിയാക്കിയത്.
അതോടെ ശിവസേന-ബി.ജെ.പി. സഖ്യവും ഉണര്‍ന്നു. അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി കൈകോര്‍ത്തു. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി എതിര്‍ പാളയത്തിന്റെ വികസന മുദ്രാവാക്യത്തെ നേരിട്ടു. മണ്ഡലത്തില്‍ 32.76 ശതമാനം പേരേ വോട്ടു ചെയ്യാനെത്തിയുള്ളൂ. അജിത് പവാറിനും സുപ്രിയ സുലേക്കും കിട്ടിയ ആദ്യപ്രഹരവും അതായിരുന്നു. ഒടുവില്‍ ബി.ജെ.പി.യുടെ ഭീമറാവു തപ്കിര്‍ 3,625 വോട്ടിന് ജയം സ്വന്തമാക്കി.
പുതുതായി കൈകോര്‍ത്ത സഖ്യത്തിന് ആഘോഷിക്കാനുള്ളതാണ് ഈ വിജയം. എന്നാല്‍, കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അതൊരു പരാജയമല്ല. ഈ തിരഞ്ഞെടുപ്പിലെ തിരിച്ചടി അജിത് പവാറിനെ കൈകാര്യം ചെയ്യാന്‍ കുറച്ചെങ്കിലും എളുപ്പമാക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ടാവണം.

അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ തെലുങ്കാന രാഷ്ട്രസമിതി ടിക്കറ്റില്‍ മത്സരിച്ച പൊച്ചാരം ശ്രീനിവാസ റെഡ്ഡി കോണ്‍ഗ്രസ്സിന്റെ ശ്രീനിവാസ ഗൗഡിനെ 49,889 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ് വീഴ്ത്തിയത്. തെലുങ്കാന സംസ്ഥാന രൂപവത്കരണവിഷയത്തില്‍ തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുന്ന കോണ്‍ഗ്രസ്സിന്റെ മുഖത്തേറ്റ പ്രഹരമായി അത്.

എന്നാല്‍, യഥാര്‍ഥ പരാജിതര്‍ തെലുങ്കുദേശം പാര്‍ട്ടിയാണ്. പാര്‍ട്ടി അധ്യക്ഷനായ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നാണ് ഒരിക്കല്‍ തന്നെ സാഭിമാനം വാഴ്ത്തിയിരുന്നത്. ദൈനംദിനകാര്യങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ദീര്‍ഘദര്‍ശിത്വത്തോടെയുള്ള പദ്ധതികളാണ് സി. ഇ. ഒ.മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബോര്‍ഡിന്റെ ഡയറക്ടറെന്ന നിലയില്‍ വിശാലമായ ഉള്‍ക്കാഴ്ചയും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ആ പദവിക്കൊത്ത് ഉയരുന്നതില്‍ ചന്ദ്രബാബു നായിഡുവിന് പിഴച്ചുവെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ദുര്‍ബലശബ്ദത്തിലാണ് അദ്ദേഹം പറഞ്ഞത് -''ഞാന്‍ രണ്ടു മേഖലയുടെയും ആളാണ് (തെലുങ്കാനയുടെയും സീമാന്ധ്രയുടെയും) . മുമ്പും ഞാനിത് പറഞ്ഞിട്ടുള്ളതാണ്, വീണ്ടുമത് ആവര്‍ത്തിക്കുന്നു. നിഷ്പക്ഷസമീപനമാണ് എന്റേത്. രണ്ടു മേഖലയിലും എനിക്കെന്റെ പാര്‍ട്ടിയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.'' ബന്‍സ്‌വാഡ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കു വരെ ആ നിഷ്പക്ഷനിലപാട് വളര്‍ന്നു. അത് രണ്ടുമേഖലയിലും പാര്‍ട്ടിയെ രക്ഷിച്ചെടുക്കുന്നതിനു പകരം തുടച്ചുനീക്കുന്ന വിഫലതന്ത്രമായിത്തീരാനാണ് സാധ്യത. കോണ്‍ഗ്രസ്സിനും ശക്തമായ മുന്നറിയിപ്പായി ഉപതിരഞ്ഞെടുപ്പുഫലം.

ഒരു രാഷ്ട്രീയപ്പാര്‍ട്ടി മണ്ണില്‍ നിന്ന് തിരോധാനം ചെയ്യുന്നതു കാണണമെങ്കില്‍ കോണ്‍ഗ്രസ്സിന് ബിഹാറിനപ്പുറത്തേക്ക് നോക്കേണ്ടി വരില്ല. ദറോണ്ഡ ഉപതിരഞ്ഞെടുപ്പില്‍ ജനതാദള്‍-യുണൈറ്റഡിന്റെ കവിത സിങ് രാഷ്ട്രീയ ജനതാദളിന്റെ പരമേശ്വര്‍ സിങ്ങിനെ 20,092 വോട്ടിനാണ് തോല്പിച്ചത്. ഇതില്‍ കോണ്‍ഗ്രസ്സിന് എന്തെങ്കിലും സന്ദേശമുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വതസിദ്ധശൈലിയിലുള്ള മറുപടി ഇങ്ങനെയായിരുന്നു- ''എവിടെയാണ് കോണ്‍ഗ്രസ് ? കോണ്‍ഗ്രസ് ഒരു ഘടകമേയല്ല.'' ശക്തമായ ലോക്പാല്‍ സംവിധാനത്തിന് രൂപം നല്‍കണോ വേണ്ടയോ? ഹരിയാണയില്‍ വിശാലസഖ്യമുണ്ടാക്കണോ അതോ ജാട്ട്‌വോട്ടുകള്‍ക്കു പിന്നില്‍ കടിച്ചുതൂങ്ങണോ? തെലുങ്കാന സംസ്ഥാനത്തിന് രൂപം നല്കണോ അതോ ആന്ധ്രപ്രദേശിനെ ഇപ്പോഴുള്ള രീതിയില്‍ നിലനിര്‍ത്തണോ? എന്‍.സി.പി.യുമായുള്ള ബന്ധം ശക്തമാക്കണോ അതോ ദുര്‍ബലപ്പെടുത്തണോ? കോണ്‍ഗ്രസ്സിന് ഒരുകാര്യത്തിലും വ്യക്തമായ നിലപാടില്ല.


ഈ ആശയക്കുഴപ്പത്തിന് ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കണ്ടത്. അണ്ണ ഹസാരെയുടെ റാലേഗാന്‍ ഗ്രാമത്തില്‍ നിന്ന് ഗ്രാമീണരുടെ ഒരുസംഘം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെക്കാണാന്‍ ന്യൂഡല്‍ഹിയിലെത്തി. ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗം പി.ടി. തോമസാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാമെന്ന് ഗ്രാമീണര്‍ക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടു. ഗ്രാമീണര്‍ അപമാനിതരായി മടങ്ങി. ആശയവിനിമയത്തിലെ വിടവാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നു പറഞ്ഞ് പാവം പി. ടി. തോമസ് ഖേദം പ്രകടിപ്പിച്ചു.

തോമസ് പറഞ്ഞ കമ്യൂണിക്കേഷന്‍ ഗ്യാപ് ശരിക്കുമുണ്ട്. അദ്ദേഹത്തിന്റെ ഹൃദയവും മനസ്സും തമ്മില്‍. റാലേഗാന്‍ സിദ്ധിയില്‍ പോകാന്‍ ഹൃദയമാണ് അദ്ദേഹത്തോട് പറഞ്ഞത്. എന്നാലിത്തരം തുടക്കങ്ങളൊന്നും കോണ്‍ഗ്രസ് 'ഹൈക്കമാന്‍ഡ്' അംഗീകരിക്കാനിടയില്ലെന്ന് മനസ്സ് മുന്നറിയിപ്പു നല്‍കേണ്ടതായിരുന്നു. മാറ്റത്തിന് വഴിയൊരുക്കുന്ന പുതുസംരംഭത്തെ എന്നാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത് ?
 
                                                                                                                      കടപാട് മാതൃഭൂമി  

No comments:

Post a Comment